പുഴയോരത്തു കൂടി ഞാന്‍ പതുക്കെ നടക്കവെ
കാറ്റിലിളകുന്ന അലകളെ മറന്ന്
അലകളെയിളക്കുന്ന
കാറ്റിനെ മറന്ന്
മണ്‍തരികളെ മറന്ന്
മണല്‍തരികളിലുറങ്ങും
കടവിനെ മറന്ന്
കടവത്തു തോണിയുമായി നിന്ന
മഞ്ഞപട്ടുടുപ്പുകാരിയെ മറന്ന്
നനവിനെ മറന്ന്
പുഴയെ മറന്ന്
പുഴയെ തഴുകി വരും
മണം മറന്ന്
എല്ലാം മറന്ന്
എന്നെ മറന്ന്
എന്റെ ഹൃദയത്തോടൊട്ടി
ഞാന്‍ നടക്കവെ
കാറ്റിനെ വഞ്ചിയാക്കി
അലകളെ തുഴകളാകി
ഒരു ചെറു മര്‍മ്മരം
എന്റെ ചെവിയിലണഞ്ഞു
"എന്റെ പ്രിയപ്പെട്ടവളെ"
"ആരാണത്"
"കാറ്റേറിവന്ന മായാവീ
ആരാണു നീ"
എന്നോടൊട്ടി നടന്നയെന്റെ
ഹൃദയത്തില്‍നിന്നും മാറി
കണ്ണുകളടച്ചു ഞാന്‍ കാതോര്‍ത്തു
കരളുതുറന്നു ഞാന്‍ കാത്തു നിന്നു
"എനിയ്ക്കു പ്രിയമായവളെ"
വീണ്ടും വന്നു കാറ്റിലേറിയാവിളി "
ആരാണത്"
ഇക്കുറി ഞാന്‍ എന്നോടു ചോദിച്ചു
മനം മയക്കാന്‍ വന്ന ഗന്ധര്‍വ്വനോ
മാനമെടുക്കാന്‍ വന്ന ദേവേന്ദ്രനോ
എന്നെ തഴുകി തളര്‍ത്തുന്ന മായാവീ
ഒന്നു കൂടെ വിളിക്കൂ
വീണ്ടുമാവിളി കേട്ടു ഞാന്‍
ചെറുകിടാങ്ങളുടെ പൂവിളി കേട്ട
മുതുമുത്തശ്ശിയേപ്പൊലേ
എന്റെ മനമാകെ കുളിര്‍ത്തു
തളിര്‍ത്തു, ഞാനാകെ പൂത്തുലഞ്ഞു
ജന്മജന്മാന്തരങ്ങളിലെവിടെയോ
എന്നെ ഞാനാക്കിയവന്‍, അവന്‍
പുല്ലായും, പുഴുവായും,
പാമ്പായും പുലിയായും
പുള്ളിക്കുയിലായും
എന്നിലലിഞ്ഞവന്‍, അവന്‍ എന്റെ ദേവന്‍
എന്നെ തഴുകുന്നതു ഞാനറിഞ്ഞു
കോടാനുകോടി ദിനരാത്രങ്ങള്‍
തമ്മിലലിഞ്ഞ നിമിഷങ്ങള്‍
വെളിച്ചവും ഇരുട്ടും
കരയും കടലും
കാമവും പ്രേമവും
ഒന്നായാ നേരം
അവന്‍ എന്നോടു കെഞ്ചി
ദേവീ എനിയ്ക്കായീ നീയെനിയ്ക്കായി
എനിയ്ക്കു നല്‍ക ശാപമോക്ഷം
എനിയ്കായി പണിയുക ഒരു കൊച്ചുകൂര
എന്റെ കരളുതുറന്നവനെ
ഞാനതിലാക്കി
ഒരു കൈകുടന്ന
ചോരകൊണ്ടവനെ
അഭിഷേകം നടത്തി
ഞാന്‍ പതുക്കെ നടന്നു
അവനേയും പേറി ,
കടവത്തു കാത്തു നിന്ന
മഞ്ഞ പട്ടുടുപ്പുകാരിയെ തേടി ചെന്നു
താമസിച്ചതിനു പരിഭവം പറഞ്ഞു
പിന്നെ എന്നെ നോക്കി ചിരിച്ചിട്ടവള്‍
കൈനീട്ടിയെന്നെ തോണിയിലേയ്ക്കു കയറ്റി
എന്റെ കരളിനുള്ളിലെ കള്ളനെ
അവള്‍ കാണാതെ ഞാന്‍
മറച്ചതറിഞ്ഞതറിയിക്കാനായി
അവള്‍ ഊറിച്ചിരിച്ചു
അവനൊരുകൂടായിയെന്റെ
നെഞ്ചിന്‍കൂടുമായി
ഞങ്ങള്‍ യാത്രയായി
Monday, August 6, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment